11:39am 04 May 2026
NEWS
​സൈബർ ക്രിമിനലുകൾക്ക് ദയ അർഹതയില്ല; ഒറ്റപ്പെട്ട സെല്ലിൽ പാർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
03/04/2026  06:50 AM IST
സുരേഷ് വണ്ടന്നൂർ
​സൈബർ ക്രിമിനലുകൾക്ക് ദയ അർഹതയില്ല; ഒറ്റപ്പെട്ട സെല്ലിൽ പാർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

 

ന്യൂഡൽഹി:​കൊലപാതകികൾ പോലും ചിലപ്പോൾ പശ്ചാത്തപിച്ചേക്കാമെന്നും എന്നാൽ സൈബർ കുറ്റവാളികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഓൺലൈൻ തട്ടിപ്പുകൾ സമൂഹത്തിൽ പടരുന്ന അതീവ ഗുരുതരമായ വിപത്താണെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം പ്രതികളെ കർശനമായി കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കി. സൈബർ തട്ടിപ്പ് കേസിൽ പ്രതിയായ സൂരജ് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണ്ണായക പരാമർശങ്ങൾ.
​പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ച് ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായും പ്രതിക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്ത കോടതി, സൈബർ കുറ്റവാളികൾക്ക് ജയിലിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാൻ ഒരവസരവും നൽകരുതെന്നും അവരെ ഒറ്റപ്പെട്ട സെല്ലുകളിൽ പാർപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
​സൈബർ കുറ്റകൃത്യങ്ങളെ 'നിശബ്ദ വൈറസ്' എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. സാമ്പത്തിക നഷ്ടത്തിനപ്പുറം സമൂഹത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഇത്തരം തട്ടിപ്പുകളെ ഇല്ലാതാക്കാൻ കർശനമായ നിയമനടപടികൾ അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. 'ഡിജിറ്റൽ അറസ്റ്റ്' അടക്കമുള്ള പുതിയ തരം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ഇത്തരം വിപത്തുകൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുകളും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img